Top News
വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം; വരൻ സന്ദീപ്
വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതി പുതിയ ജീവിതത്തിലേക്ക്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വയനാട് കളക്ടേറ്റിലെ ജീവനക്കാരനായ സന്ദീപാണ് വരൻ. രക്ഷിതാക്കാളുടെ സ്ഥാനത്ത് നിന്ന് മുൻ മന്ത്രി കെ രാജനാണ് ചടങ്ങിൽ പങ്കെടുത്തത്. രാവിലെ ഗുരുവായൂർ ക്ഷേത്ര നടയിലായിരുന്നു വിവാഹം. എല്ലാം അറിഞ്ഞ് കൈപിടിച്ചെന്നും സന്തോഷത്തോടെ ജീവിക്കാൻ കഴിയണമെന്നാണ് പ്രാർത്ഥനയെന്നും ശ്രുതി പറഞ്ഞു. സന്തോഷത്തോടെ ജീവിതത്തിലേക്ക് കടക്കുന്നുവെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും വരൻ സന്ദീപും പ്രതികരിച്ചു. വയനാട് ദുരന്തത്തിൽ വീട്ടിലെ 9 അംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനും വാഹനാപകടത്തിൽ മരിച്ചിരുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ശ്രുതിക്ക് അന്നത്തെ സർക്കാരാണ് കൈത്താങ്ങായത്.
