കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി.
കൊച്ചി: നഗരത്തിൽ സുരക്ഷ ശക്തമാക്കുന്നതിന്റെയും രാത്രികാല നിയമലംഘനങ്ങൾ തടയുന്നതിന്റെയും ഭാഗമായി കൊച്ചി സിറ്റി പൊലീസ് നടത്തിയ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’ (Operation Night Hunt) പരിശോധനയിൽ കർശന നടപടി. വിവിധ നിയമലംഘനങ്ങളിലായി 60 വാഹനങ്ങൾക്ക് പിഴ ചുമത്തുകയും, പിഴത്തുകയായി രണ്ട് ലക്ഷത്തോളം രൂപ ഈടാക്കുകയും ചെയ്തു. നഗരത്തിൽ രാത്രികാലങ്ങളിൽ വർധിച്ചുവരുന്ന വാഹന അപകടങ്ങളും അശ്രദ്ധമായ ഡ്രൈവിങ്ങും തടയുക ലക്ഷ്യമിട്ടാണ് പ്രത്യേക പരിശോധന സംഘടിപ്പിച്ചത്. പ്രധാന റോഡുകൾ, കവലകൾ, നഗരത്തിലേക്ക് പ്രവേശിക്കുന്ന അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ബാരിക്കേഡുകൾ സ്ഥീപിച്ച് രാത്രിയോടെയായിരുന്നു വ്യാപക പരിശോധന നടത്തിയത്. ലൈസൻസില്ലാതെ വാഹനമോടിച്ചവർ, അമിതവേഗത, ആവശ്യമായ രേഖകളില്ലാത്ത വാഹനങ്ങൾ, മദ്യപിച്ച് വാഹനമോടിച്ചവർ തുടങ്ങിയ നിയമലംഘകർക്കെതിരെയാണ് കർശന നടപടിയുണ്ടായത്. രാത്രികാലങ്ങളിൽ നഗരത്തിൽ റോഡ് നിയമലംഘനങ്ങൾ കർശനമായി നിരീക്ഷിക്കുമെന്നും, വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നും പൊലീസ് അധികൃതർ അറിയിച്ചു.
