ഹോര്‍മൂസ് കടലിടുക്കിലെ അനിശ്ചിതത്തെ തുടര്‍ന്ന് സര്‍വീസുകള്‍ റദ്ദാക്കി വിമാനക്കമ്പനികള്‍
ഹോര്‍മൂസ് കടലിടുക്കിലെ അനിശ്ചിതത്വത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി അന്താരാഷ്ട്ര വിമാനക്കമ്പനികള്‍. മേഖലയിലെ സുരക്ഷാ അന്തരീക്ഷത്തിലുണ്ടായ അസ്ഥിരതയെ തുടര്‍ന്ന് യുഎഇയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വ്യാപക ക്രമീകരണങ്ങളും റദ്ദാക്കലും തുടരുകയാണ്. ഹോര്‍മൂസ് കടലിടുക്കിലെ ഗതാഗത അനിശ്ചിതത്വങ്ങള്‍ കാരണം പല വിമാനക്കമ്പനികളും വ്യോമപാതകള്‍ പുഃനക്രമീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. എമിറേറ്റ്സ്, ഇത്തിഹാദ് എയര്‍വേഴ്സ്, എയര്‍ അറേബ്യ, ഫൈ്ള ദുബായ് എന്നീ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ ഭാഗികമായി നടത്തുന്നുണ്ടെങ്കിലും ബഹ്റൈന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് റൂട്ടുകളില്‍ പല സര്‍വീസുകളും റദ്ദാക്കി. ഇതിനുപുറമേ മുന്‍നിര അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ യുഎഇയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുള്ള കാലാവധി നീട്ടിയിട്ടുമുണ്ട്. അബുദാബിയില്‍ നിന്ന് പെഷവാറിലേക്കുള്ള ഇത്തിഹാദ് വിമാനം (EY276) തിരിച്ചുള്ള EY277 എന്നിവ വൈകിയാണ് സര്‍വീസ് നടത്തുന്നതെന്ന് ഇത്തിഹാദ് അറിയിച്ചു. ബഹ്റൈനിലേക്കുള്ള EY643, EY644 സര്‍വീസുകള്‍ കൃത്യസമയത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മറ്റ് മൂന്ന് റൗണ്ട് സര്‍വീസുകള്‍ (EY641-EY642, EY645-EY646, EY 647-EY 648) നാളെവരെ റദ്ദാക്കിയിട്ടുണ്ട്. ദുബായ്- ബഹ്റൈന്‍ റൂട്ടില്‍ എമിറേറ്റ്സ് EK835, EK837 സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും തെല്‍ അവീവ് (FZ1211), ജിദ്ദ (FZ909), ബോദ്റം (FZ627) എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്. ഫ്ലൈ ദുബായ് വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂര്‍ മുമ്പെങ്കിലും എയര്‍പോര്‍ട്ടിലെത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. ഷാര്‍ജില്‍ നിന്ന് ബഹ്റൈനിലേക്കുള്ള എയര്‍ അറേബ്യയുടെ G9107 സര്‍വീസും കുവൈറ്റിലേക്കുള്ള G9068, G9124 സര്‍വീസുകളും റദ്ദാക്കി. അബുദാബിയില്‍ നിന്നുള്ള 3L020 കുവൈറ്റ് സര്‍വീസും നിര്‍ത്തിവെച്ചു. ഇതോടൊപ്പം ദുബായില്‍ നിന്നുള്ള എയര്‍ബ്ലൂവിന്റെ കറാച്ചി വിമാനവും (PA111), സ്പെയ്സ് ജെറ്റിന്റെ കൊച്ചി വിമാനവും ( SG5117) റദ്ദാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര സര്‍വീസുകളില്‍ എയര്‍ കാനഡ 2027 ജനുവരി പകുതി വരെ ദുബായ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ബ്രിട്ടീഷ് എയര്‍വേഴ്സ് ഓക്ടോബര്‍ 25 വരെയും ലുഫ്തതാന്സ, സ്വിസ് എയര്‍ എന്നിവ സെപ്തംബര്‍ 13 വരെയും ദുബായ് സര്‍വീസുകള്‍ പുനരാരംഭിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിംഗപ്പൂര്‍ എയര്വൈന്സ് ഒക്ടോബര്‍ 24 വരെ ദുബായ് വിമാനങ്ങള്‍ റദ്ദാക്കി. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി എയര്‍ലൈനുകളുടെ ഔദ്യോഗിക പ്ലാറ്റ്ഫോമുകള് വഴി വിമാന സമയവും വിവരങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
