ചൂടുള്ള പാനീയങ്ങൾ കുടിക്കാൻ പേപ്പർ കപ്പുകൾ ഉപയോഗിക്കാറുണ്ടോ? സൂക്ഷിക്കുക!
ഓഫീസിലേക്കോ യാത്രയിലോ ചൂടുകാപ്പി കുടിക്കാൻ ഡിസ്പോസിബിൾ പേപ്പർ കപ്പുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക… ടേക്ക് എവേ കോഫിയും മറ്റ് ചൂടുള്ള പാനീയങ്ങളും ഒഴിക്കുമ്പോൾ ഉപയോഗിക്കുന്ന സിംഗിൾ-യൂസ് പേപ്പർ കപ്പുകളിൽ നിന്ന് ദശലക്ഷക്കണക്കിന് മൈക്രോപ്ലാസ്റ്റിക് കണികകൾ പുറന്തള്ളപ്പെടുന്നുവെന്ന് പുതിയ പഠനം കണ്ടെത്തി. ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡ് സർവകലാശാലയിലെ ഗവേഷകരാണ് ഈ ആശങ്കാജനകമായ വിവരങ്ങൾ പുറത്തുവിട്ടത്. യൂണിവേഴ്സിറ്റിയുടെ ക്വീൻസ്‌ലൻഡ് അലയൻസ് ഫോർ എൻവയോൺമെന്റൽ ഹെൽത്ത് സയൻസസിലെ ഗവേഷകരാണ് പെട്രോളിയം അടിസ്ഥാനമാക്കിയുള്ള പോളിയുറെഥെയ്ൻ, ജൈവ നശീകരണ ശേഷിയുള്ള പോളിലാക്റ്റിക് ആസിഡ് എന്നിവ ലൈൻ ചെയ്ത കപ്പുകളെക്കുറിച്ച് പഠനം നടത്തിയത്. ഇത്തരം കപ്പുകളും പ്ലാസ്റ്റിക് കണികകൾ പുറത്തുവിടുന്നുണ്ടെന്ന് ഗവേഷക സംഘത്തിലെ ഡോ. എൽവിസ് ഒക്കോഫോ വ്യക്തമാക്കി. എന്നാൽ ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് ലൈൻ ചെയ്ത കപ്പുകൾ പി ഇ കപ്പുകളെ അപേക്ഷിച്ച് 12 മടങ്ങ് അധികം പ്ലാസ്റ്റിക് കണികകളാണ് പുറത്തുവിട്ടത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് ദിവസവും ചായയും കാപ്പിയും മറ്റ് ചൂടുള്ള പാനീയങ്ങളും കുടിക്കാൻ ഇത്തരം പേപ്പർ കപ്പുകൾ ഉപയോഗിക്കുന്നത്. പേപ്പർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെങ്കിലും വെള്ളം ചോർന്നുപോകാതിരിക്കാനും ബലത്തിനും വേണ്ടി ഇവയിൽ നേർത്ത പ്ലാസ്റ്റിക് ലൈനിങ് നൽകിയിട്ടുണ്ടാകും. പേപ്പർ കപ്പുകൾ പ്ലാസ്റ്റിക് മുക്തമല്ലെന്ന് ഇതിലൂടെ വ്യക്തമാകുന്നു.
