2027 ക്രിക്കറ്റ് ലോകകപ്പിൽ സഞ്ജു കളിക്കുമോ? നിർണായക നീക്കവുമായി ബിസിസിഐ
മുംബൈ: 2027-ൽ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കാൻപോകുന്ന ഏകദിന ലോകകപ്പിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കുമോ? മലയാളികൾ മാത്രമല്ല, രാജ്യമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചോദ്യമാണിത്. ഇപ്പോഴിതാ, 2027 ലോകകപ്പുമായി ബന്ധപ്പെട്ടുള്ള തയ്യാറെടുപ്പുകൾ ബിസിസിഐ ആരംഭിച്ചുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഇതിനുമുന്നോടിയായുള്ള സാധ്യതാ ടീമിൽ സഞ്ജു സാംസണും ഇടപിടിച്ചിരിക്കുന്നു. വൈഭവ് സൂര്യവംശി, ഭുവനേശ്വർകുമാർ എന്നിവർക്കൊപ്പമാണ് സഞ്ജുവും ഇടംനേടിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏകദിനത്തിലെ മികച്ച സ്ട്രൈക്ക് റേറ്റും റൺസ് കണ്ടെത്താനുള്ള മികവുമാണ് സഞ്ജുവിനെ ഈ പ്രത്യേക സംഘത്തിൽ ഉൾപ്പെടുത്താൻ പ്രധാന കാരണമായതെന്നാണ് സൂചന. മധ്യനിരയിൽ അതിവേഗം സ്കോർ ചെയ്യാനും വിക്കറ്റ് കീപ്പർ ബാറ്ററായി തിളങ്ങാനും സഞ്ജുവിന് സാധിക്കുമെന്നതും അനുകൂല ഘടകങ്ങളായി. ദക്ഷിണാഫ്രിക്കയിലെ പേസിനും സ്വിംഗിനും അനുകൂലമായ പിച്ചുകളിൽ ഭുവനേശ്വർ കുമാറിന്റെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്തണമെന്നതാണ് സെലക്ടർമാർക്കിടയിലെ വികാരം. ജസ്പ്രിത് ബുംറയ്ക്ക് മികച്ച പിന്തുണ നൽകാൻ ഭുവിയ്ക്ക് കഴിയും. പവർപ്ലേ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താനുള്ള ഭുവിയുടെ മികവ് ലോകകപ്പിൽ നിർണായകമാകുമെന്നും ബിസിസിഐ കണക്കുകൂട്ടുന്നു. അടുത്തിടെ ഇന്ത്യൻ ക്രിക്കറ്റിലെ സെൻസേഷനായി മാറിക്കഴിഞ്ഞ വൈഭവ് സൂര്യവംശി, ഉറപ്പായും ബിസിസിഐയുടെ 2027 ലോകകപ്പിലെ ഒഴിച്ചുകൂടാനാകാത്ത ഒപ്ഷനായിരിക്കും. അണ്ടർ-19 ക്രിക്കറ്റിലും ആഭ്യന്തര തലത്തിലും മികച്ച പ്രകടനമാണ് സൂര്യവംശി പുറത്തെടുക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവിവാഗ്ദാനമായതാണ് ഈ യുവതാരം അറിയപ്പെടുന്നത്. ലോകകപ്പ് സാധ്യതാ പദ്ധതിയിൽ ഉൾപ്പെട്ടതോടെ അടുത്തുനടക്കുന്ന പരമ്പരകളിൽ സഞ്ജു ഉൾപ്പടെയുള്ള താരങ്ങൾക്ക് കൂടുതൽ അവസരം ബിസിസിഐ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
