സെറ്റ് ഭയങ്കര രസമായിരിക്കുമെന്നാണ് കരുതിയത്, പക്ഷേ സെറ്റിലെത്തിയപ്പോൾ ഗിരീഷ് മിണ്ടുന്നില്ല – നിവിൻ പോളി
സംവിധായകൻ ഗിരീഷ് എഡിയുടെ പുതിയ സിനിമയായ ബത്ലഹേം കുടുംബ യൂണിറ്റിന്റെ ചിത്രീകരണ സമയത്തുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് നടൻ നിവിൻ പോളി. “പ്രേമലു പോലെയുള്ള കച്ചവട സിനിമകൾ ഒരുക്കിയ ഗിരീഷിന്റെ ഷൂട്ടിംഗ് രസകരമായിരിക്കുമെന്ന് പ്രതീക്ഷിച്ചാണ് സെറ്റിലെത്തിയത്. പക്ഷേ ഗിരീഷ് മിണ്ടുന്നില്ല.!! ഷോട്ട് ഒകെ ആയാലും ഗിരീഷ് അത്ര സന്തോഷവാനായി തോന്നിയില്ല. അതോടെ ആകെ ടെൻഷനായി. ഒരു ദിവസം നടനും സംവിധായകനുമായ അൽത്താഫ് സെറ്റിൽ വന്നു. ഗിരീഷ് ഒരു ഹാപ്പിയല്ലാത്ത പോലെയാണെന്ന് അവനോട് പറഞ്ഞു. നാഷണൽ അവാർഡ് കിട്ടിയാലും, ആ കിട്ടിയോ, എന്നാ ഓകെ, എന്ന് പറയുന്നയാളാണ് ഗിരീഷ് എഡി എന്ന കാര്യം അൽത്താഫിലൂടെയാണ് മനസിലാക്കുന്നത്.” – നിവിൻ പോളി പറഞ്ഞു. ഭാവന സ്റ്റുഡിയോസിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടിയിലാണ് നിവിൻ സംസാരിച്ചത്. പുതിയൊരു ടീമിന്റെ കൂടെ ചേരുന്നതിന്റെ പരിഭ്രമം തുടക്കത്തിൽ ഉണ്ടായിരുന്നുവെന്നും കുറച്ച് ദിവസങ്ങൾക്ക് ശേഷം അത് മാറിയെന്നും നിവിൻ പറയുന്നുണ്ട്. “വ്യക്തിപരമായി ഏറെ അടുപ്പം തോന്നിയ കഥയാണ് ബത്ലഹേമിലേത്. ജനിച്ചുവളർന്നത് പള്ളിയുടെ മുൻപിലായതുകൊണ്ട് അവിടെയുള്ള ചേട്ടൻമാരുമായൊക്കെയുള്ള പഴയ ഓർമ്മകളാണ് പെട്ടെന്ന് വന്നത്. ഭക്ഷണം വിളമ്പുന്നത് മുതൽ ടെമ്പോയിൽ കുരിശ് എടുക്കാൻ പോവുക, ക്രിക്കറ്റ് കളിക്കുക തുടങ്ങിയ ഒരുപാട് കാര്യങ്ങൾ എന്നെ പഴയ ഓർമ്മയിലേക്ക് കൊണ്ടുപോയി” – നിവിൻ കൂട്ടിച്ചേർത്തു. തന്റെ സിനിമയിൽ ഇത്രയധികം താരങ്ങൾ ഒരുമിച്ച് വരുന്നത് ആദ്യമായിട്ടാണെന്നും ചാലക്കുടി – അങ്കമാലി ഭാഗങ്ങളിലെ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ ചിത്രമാണിതെന്നും സംവിധായകൻ ഗിരീഷ് എഡി പറഞ്ഞു. പ്രേമലുവിന് ശേഷം ഗിരീഷ് എഡിയുടെ ചിത്രം, നിവിൻ – മമിത ബൈജു കൂട്ടുകെട്ട് എന്നിവയെല്ലാം ബത്ലഹേം കുടുംബ യൂണിറ്റിന് പ്രതീക്ഷയേകുന്നു. ആഗസ്ത് 21 നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
